സനാതന ധർമത്തിന്റെ പേരിൽ സവർണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമം; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ

ആലപ്പുഴ: സനാതന ധർമത്തിന്റെ പേരിൽ സവർണ മേധാവിത്വം അംഗീകരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി. ജയരാജനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദന്റെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ സനാതന ധർമത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തലയിൽ നടന്ന പരിപാടിയിൽ വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ പേരും ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിരാണെന്നും, എന്നിട്ടും ഗുരുവിന്റെ ആശയങ്ങളെ ഹിന്ദുത്വവുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എൻഡിപിയുടെ ദാർശനിക നിലപാടുകളിൽനിന്ന് വ്യതിചലനമുണ്ടാകുമ്പോൾ അത് ചൂണ്ടിക്കാണിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
താനും പി. ജയരാജനും ചേർന്ന് തെറ്റായ ചരിത്രമാണ് പ്രചരിപ്പിക്കുന്നതെന്ന ചിലരുടെ വാദത്തിനും ഗോവിന്ദൻ മറുപടി നൽകി. സനാതന ധർമത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിന്റെ പേര് കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളെ എതിർക്കേണ്ടത് ശ്രീനാരായണീയരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്ര-വയലാർ വാരാചരണ പരിപാടിയിൽ സംസാരിക്കവെ വെള്ളാപ്പള്ളി നടേശനെതിരെ പി. ജയരാജൻ നടത്തിയ വിമർശനങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്നായിരുന്നു ജയരാജന്റെ ആരോപണം. ജാതി രാഷ്ട്രീയക്കാരെയും മതവർഗീയവാദികളെയും എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപി ഉയർത്തുന്ന ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യത്തിന് സമാനമായി വെള്ളാപ്പള്ളി ‘നായാടി മുതൽ നസ്രാണി വരെ’ എന്ന നിലപാട് മുന്നോട്ടുവയ്ക്കുന്നതായും ജയരാജൻ വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രതികരിച്ച വെള്ളാപ്പള്ളി നടേശൻ, പി. ജയരാജന്റെ വിമർശനം വ്യക്തിപരമാണെന്നും സിപിഐഎമ്മിന്റെ നിലപാടല്ലെന്നും പറഞ്ഞു. ജയരാജന്റെ വിമർശനം ‘അന്ധൻ ആനയെ കണ്ടതുപോലെ’യാണെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ വിമർശിച്ചാണ് ജയരാജൻ മുന്നോട്ടുപോകുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.


