News

ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ അന്തരിച്ചു.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.

2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ്‌ ബിഷപ്‌ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു

‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ഓ‍ർമ്മപ്പുസ്തകം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ച് ഈ പുസ്തകം തയ്യാറാക്കിയത് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബിയോ മാർഷെ റഗോണയായിരുന്നു.

തൻ്റെ ജീവിതകാലത്ത് കടന്ന് പോയ ചരിത്രസംഭവങ്ങളുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നതാണ് ഈ പുസ്തകം.

മാർപ്പാപ്പ തീർത്തും യാഥാസ്ഥിതികനാണ്’ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും യാഥാസ്ഥിതികനാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുമ്പോഴും യഥാർത്ഥത്തിൽ ലോകം അദ്ദേഹത്തെ അങ്ങനെയായിരുന്നില്ല വിലയിരുത്തിയിരുന്നത്. യാഥാസ്ഥികനായിരിക്കുമ്പോഴും തൻ്റെ കാഴ്ചപ്പാടുകളിൽ സമൂലമായി പുരോഗമനപര നിലപാടുണ്ടായിരുന്ന മാർപാപ്പ എന്നതായിരുന്നു പോപ്പ് ഫ്രാൻസിസിൻ്റെ സ്വീകാര്യത.

കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയർത്താനുള്ള പോപ്പ് ഫ്രാൻസിസിൻ്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button