
തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിർണായക ഘട്ടത്തിൽ പാർട്ടിയുടെ സംഘടനാ ശക്തി ഉറപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർണായക പങ്ക് വിസ്മരിക്കാൻ ആകില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്. തന്റെ ഫേസ്ബുക്കിലെഴുതിയ കുറുപ്പിലാണ് പി എം നിയാസ് കെസി വേണുഗോപാൽ കോൺഗ്രസിന്റെ നെടുംതൂണായി മാറിയതിനെ കുറിച്ച് ഓർമിക്കുന്നത്.
രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധികളും പാർട്ടി വിട്ടുപോകലുകളും ശക്തമായിരുന്ന സാഹചര്യത്തിൽ, നേതൃത്വത്തോട് വിശ്വാസ്യത പുലർത്തിയും സംഘടനാ ചുമതലകൾ കാര്യക്ഷമമായി നിർവഹിച്ചും കെ.സി. വേണുഗോപാൽ പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പുനരുജ്ജീവന ശ്രമങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണെന്നും നിയാസ് കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി സംഘടനാ തലത്തിൽ നിർണായക ഇടപെടലുകൾ നടത്തിയതും കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയുടെ ക്രമീകരണങ്ങളിലും പ്രവർത്തകരുടെ ഏകോപനത്തിലും അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.
ക്യാമ്പസ് രാഷ്ട്രീയ രംഗത്ത് കെ.എസ്.യു പുനരുജ്ജീവിപ്പിക്കുന്നതിലും യുവജന സംഘടനകളുടെ ശക്തി വർധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവന വലിയതാണെന്നും പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും യുവജന രാഷ്ട്രീയത്തിലും അദ്ദേഹം കാഴ്ചവെച്ച നേതൃപാടവം പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകമായതായി നിയാസ് വിലയിരുത്തി.
പാർട്ടി പ്രവർത്തകരെ ചേർത്തുനിർത്തുന്നതിനും സംഘടനാ ഐക്യം നിലനിർത്തുന്നതിനും കെ.സി. വേണുഗോപാൽ നടത്തിയ ഇടപെടലുകൾ പ്രസ്ഥാനത്തിന് ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പൂർണമായ ഫേസ്ബുക്ക് കുറിപ്പ്
തളരാത്ത പോരാളി; പ്രതിസന്ധികളിലെ തണൽമരം
കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ചിരുന്ന കാലത്താണ്, ഉത്തരവാദിത്തങ്ങളുടെ ഹിമാലയൻ ഭാരവുമായി ഒരു മലയാളി AICC ജനറൽ സെക്രട്ടറി പദവിയിലേക്ക് നടന്നുകയറുന്നത്.
പ്രതീക്ഷയുടെ കനലുകൾ അണഞ്ഞുപോയ, തിരിച്ചുവരവിന്റെ പാത ഇരുളടഞ്ഞ, നേതൃത്വവും അണികളും ഒരേപോലെ നിരാശയുടെ കയത്തിലാഴ്ന്ന കാലം…!!! മോദി തരംഗത്തിൽ ഇന്ത്യ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ആ മലയാളിക്ക് മുന്നിൽ വെല്ലുവിളികൾ മാത്രമായിരുന്നില്ല, പ്രലോഭനങ്ങളുടെ അനന്തസാധ്യതകൾ കൂടിയുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടെ വലംകൈയ്യായി നിന്നവർ പോലും കപ്പൽ ഉപേക്ഷിച്ചു പോയ കാഴ്ച നാം കണ്ടു.
ഗുലാം നബി ആസാദ് (2022), ജ്യോതിരാദിത്യ സിന്ധ്യ (2020),
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് (2021), ജി-23 നേതാക്കളിൽ പ്രധാനിയായിരുന്ന കപിൽ സിബൽ (2022), മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ജാക്കർ (2022), യുപിയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ. സിംഗ് (2022), യുപിയിലെ പ്രമുഖ യുവമുഖമായിരുന്ന ജിതിൻ പ്രസാദ (2021), മുംബൈയിൽ നിന്നുള്ള മിലിന്ദ് ദേവ്റ (2024) എന്ന് തുടങ്ങി…, കേരളത്തിൽ നിന്നുള്ള പി.സി. ചാക്കോ (2021), കെ.വി. തോമസ് (2022) അടക്കം ഒട്ടനവധി നേതാക്കൾ മറുകണ്ടം ചാടിയപ്പോൾ, കോൺഗ്രസിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുമെന്ന് പലരും കരുതി.ഒരുവേള, സച്ചിൻ പൈലറ്റിനെപ്പോലെയുള്ള കരുത്തർ പോലും സംശയത്തിന്റെ നിഴലിലായ അക്കാലത്ത്, രാജ്യത്തെ രണ്ടാമത്തെ വലിയ പദവിയിലിരുന്ന് , ഒരു തരിമ്പ് പോലും സംശയത്തിന് ഇടനൽകാതെ, പാറപോലെ ഉറച്ചുനിന്ന മനുഷ്യനാണ് കെ.സി വേണുഗോപാൽ. ‘വിശ്വാസ്യത’ എന്ന വാക്കിന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് അർത്ഥം നൽകുകയായിരുന്നു.
ഇന്ത്യയുടെ ആത്മാവ് തേടി രാഹുൽ ഗാന്ധി കിലോമീറ്ററുകൾ നടന്നുനീങ്ങിയപ്പോൾ, വഴിയോരങ്ങളിൽ തളർന്നുറങ്ങിയ ഈ സംഘടനാ സെക്രട്ടറിയെ ഒരു പരിഹാസപാത്രമായി ചിത്രീകരിക്കാൻ പലരും ശ്രമിച്ചതും ലോകം കണ്ടു.
എന്നാൽ ആ ‘ഉറക്ക’ത്തിനു പിന്നിൽ ഒരു ചരിത്രയാത്ര വിജയിപ്പിക്കാൻ മാസങ്ങളോളം ഉറക്കമൊഴിഞ്ഞിരുന്ന ഒരു സംഘാടകന്റെ പ്രാണൻ്റെ വിലയുണ്ടായിരുന്നു. ആ യാത്രയൊന്ന് പിഴച്ചിരുന്നെങ്കിൽ, അതിന്റെ മുഴുവൻ പാപഭാരവും പേറേണ്ടി വരുമായിരുന്നിട്ടും അദ്ദേഹം പിന്തിരിഞ്ഞില്ല. ആ നിശബ്ദമായ അധ്വാനമാണ് ഇന്ന് നാം കാണുന്ന ഉയിർത്തെഴുന്നേൽപ്പിന്റെ കരുത്ത്.
അധികാരത്തിന്റെ ഇടനാഴികളിൽ മാത്രമല്ല, സാധാരണക്കാരന്റെ ഹൃദയത്തിലും കെ.സി ഒരിടം കണ്ടെത്തി. പാർട്ടി വിട്ടുപോകുമെന്ന് കരുതിയ വൻ തോക്കുകൾ മുതൽ, പുനലൂരിലെ സാധാരണക്കാരനായ സഞ്ജയ് ഖാൻ എന്ന പ്രവർത്തകനെ വരെ ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു: “നീ ചെയ്ത ത്യാഗത്തിന് കൂലി ലഭിക്കുമെന്ന്.” പതിറ്റാണ്ടുകൾക്ക് മുൻപ് കോൺഗ്രസിൽ ഉണ്ടായിരുന്ന ആ പഴയ സ്നേഹത്തിന്റെ ചേർത്തുപിടിക്കൽ ഇന്നും ആ പ്രവർത്തകരുടെ മനസ്സിലുണ്ട്. ആ വിശ്വാസമാണ് അത്തരക്കാരെ ഇന്നും പ്രസ്ഥാനത്തിൽ ഉറപ്പിച്ചുനിർത്തുന്നത്.
കോൺഗ്രസ് എന്ന പ്രതിരോധ കോട്ടയ്ക്കായി എല്ലാ പ്രലോഭനങ്ങളോടും ‘നോ’ എന്ന് പറയാൻ കാണിച്ച കെ.സി വേണുഗോപാൽ എന്ന മനുഷ്യന്റെ ആർജ്ജവമാണ് പ്രവർത്തകർക്ക് ഊർജവും പ്രതീക്ഷയും പകരുന്നതും അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതും.
KSU എന്നൊരു പ്രസ്ഥാനം കേരളത്തിലെ ക്യാമ്പസുകളിൽ അന്യംനിന്നു തുടങ്ങിയ ഒരു കാലത്ത്, അദ്ദേഹം നേതൃത്വം ഏറ്റെടുത്തതിനുശേഷം, കഠിനാധ്വാനവും, ആത്മ സമർപ്പണവും കൊണ്ട് ക്യാമ്പസ്യകളിൽ ഒരു ‘ഫീനിക്സ്’ പക്ഷി കണക്കെ, KSU തിരിച്ചു വരുന്നത് നാം കണ്ടതാണ്.
നന്ദാവനം ക്യാമ്പിലും, തൃശൂർ രാമനിലയത്തിലും, കോഴിക്കോട് സർവ്വകലാശാലയിലും നടന്ന സമാനതകളില്ലാത്ത വിദ്യാർത്ഥി സമരപോരാട്ടങ്ങളിൽ, സ്വന്തം ശരീരത്തിൽ ലാത്തിയാൽ ക്രൂരമായ മുറിവേൽക്കപ്പെട്ടപ്പോഴും…, വേദന വകവെക്കാതെ…, ലക്ഷ്യപ്രാപ്തിയിലേക്കായ്, പ്രസ്ഥാനത്തിനുവേണ്ടിയുള്ള തൃഷ്ണയായിരുന്നു അദ്ദേഹത്തിൽ അപ്പാടെയും നാട് കണ്ടത്.
അദ്ദേഹത്തോടൊപ്പം യൂത്ത് കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, ജനലക്ഷങ്ങളെ പങ്കെടുപ്പിച്ച ‘മഹാസാഗരവും’, കോഴിക്കോട് ഇന്ന് വരെ കാണാത്ത വിധമുള്ള ‘മാനവമൈത്രി സംഗമവും’ കേരള ജനതക്ക് ഒരിക്കലും മറക്കാനാവാത്ത തരത്തിൽ ചരിത്രത്തിൻ്റെ ഏടുകളാണ്.
കഴിഞ്ഞ ഏഴ് വർഷം ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഓടിനടന്ന ആ പാദമുദ്രകൾ നിസ്സാരമല്ല. പരിഹാസങ്ങൾക്കും അവഗണനകൾക്കും അളക്കാൻ കഴിയുന്നതിലും അപ്പുറമാണ് അദ്ദേഹം താണ്ടിയ ദൂരവും സഹിച്ച ത്യാഗവും. അവ അപ്പാടെ തിരസ്കരിച്ചു കൊണ്ട്, ജയശങ്കറിനെപ്പോലുള്ള കൂലിയെഴുത്തുകാരും, ഇരുട്ടിൻ്റെ മറവിലിരുന്ന് കുത്സിതർ മെനയുന്ന ‘വ്യാജ പ്രൊഫൈൽ-ആക്രമണങ്ങളും’ … പാർട്ടിയോട് മാത്രമല്ല ചരിത്രത്തോട് കൂടി ചെയ്യുന്ന ക്രൂരതയാണ് എന്ന് നാം മറന്നുകൂടാ..!!!



