National

സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത് ; വനിതാ ബില്ല് പരാജയപ്പെട്ടതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

ഡൽഹി : രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാർലമെൻറിൽ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകൾ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടും. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നൽകാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 മുതൽ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ മേഖലകൾക്കും ഒരേ ശക്തി നൽകാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ ശക്തി കൂട്ടാനുള്ള ശ്രമമാണ്. കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയിൽ കോൺഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണ്. കോൺഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാൻ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോൺഗ്രസ് പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം കോൺഗ്രസ് കളഞ്ഞുകുളിച്ചു. കോൺഗ്രസ് ഇന്ന് പ്രാദേശിക പാ‍ർ‍ട്ടികളെ ആശ്രയിക്കുന്ന പരാദജീവിയാണ്. എന്നാൽ പ്രാദേശിക പാർട്ടികൾ വളരുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button