
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമടക്കമുള്ളവർ ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്.
നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്കെ അടക്കമുള്ളവർ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടിൽ പ്രാർഥന നടത്തി.
ഹരിയാനയിൽ നിന്നും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയ കർഷക നേതാക്കൾ അഭിജിത്തിനെ തലപ്പാവ് അണിയിച്ച് ആദരിച്ചു. സമരത്തിൽ വരുന്നത് തടയാൻ പലരെയും വീട്ടിൽ പൊലീസ് തടഞ്ഞു വച്ചെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
ജയ്പൂരിൽ സ്കൂളിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത അമൈറയുടെ കുടുംബവും ചടങ്ങിൽ സംസാരിച്ചു. ഇന്ന് കുട്ടിയുടെ പിറന്നാൾ ആണെന്ന് കുടുംബം ഓർമ്മിപ്പിച്ചു. നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങേണ്ട ഗതികേട് ആണ് രാജ്യത്ത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന്റെ രാജി അല്ലാതെ മറ്റൊരു സമവായത്തിനും സി ജെ പി ഇല്ലെന്നും അദ്ദേഹം വിവരിച്ചു.




