National

പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് പ്രവർത്തനത്തിന് സജ്ജമായി. മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അദ്ദേഹം പുതിയ ഓഫിസിലേക്ക് മാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ‘സേവാ തീർത്ഥ്’ എന്ന പുതിയ ഓഫിസ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (NSCS) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം നിർമിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിന് ‘സേവാ തീർഥ്-1’ എന്നാണ് പേര്. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റം ഒരു യുഗത്തിന്റെ അവസാനമായിരിക്കും. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാറ്റിസ്ഥാപിച്ച കാബിനറ്റ് സെക്രട്ടേറിയറ്റ് ‘സേവാ തീർഥ് 2’ൽ പ്രവർത്തിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് ‘സേവാ തീർഥ് -3’-ൽ ആയിരിക്കും പ്രവർത്തിക്കുക. ഒഴിഞ്ഞ് കഴിഞ്ഞാൽ‌ സൗത്ത്, നോർത്ത് ബ്ലോക്കുകൾ ‘യുഗേ യുഗീൻ ഭാരത് സംഗ്രഹാലയ’ എന്ന പേരിൽ മ്യൂസിയമാക്കി മാറ്റും. മ്യൂസിയത്തിന്റെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനായി 2024 ഡിസംബർ 19 ന് ഫ്രാൻസിന്റെ മ്യൂസിയം വികസന ഏജൻസിയുമായി കരാർ ഒപ്പുവച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button