കോട്ടയം മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

0

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ കുടംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും.

അതേസമയം, രക്ഷാപ്രവർത്തനം വൈകിയെന്ന് പറയുന്നത് ശരിയല്ലെന്നും ജെസിബി സ്ഥലത്തേയ്ക്ക് എത്തിക്കാൻ തടസ്സമുണ്ടായെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താൻ സ്ഥലത്തെത്തി. രണ്ട് പേരെ രക്ഷിച്ചതായാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി പരിശോധന നടത്തണമെന്ന് താൻ ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസിബി വിളിച്ചുവരുത്തിയതെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ജെസിബി അപകട സ്ഥലത്തേയ്ക്ക് എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടുവെന്ന് മന്ത്രി പറഞ്ഞു. നാല് ഭാഗത്തും കെട്ടിടമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. കെട്ടിടം പൊളിച്ച് ജെസിബി ഉൾഭാഗത്തേയ്ക്ക് എത്തിക്കുന്നത് സാധ്യമായ കാര്യമല്ലെന്ന് മനസിലായി. മുകൾ ഭാഗത്തെ വഴിയിലൂടെ കയറ്റാൻ സാധിക്കുമോ എന്ന് പരിശോധിച്ചു. എന്നാൽ ഗ്രിൽ തടസ്സമായി. ഗ്രിൽ അറുത്തുമാറ്റിയാണ് ജെസിബി സ്ഥലത്തേയ്ക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജിനൊപ്പം മാധ്യമങ്ങളെ കാണുന്ന ഘട്ടത്തിൽ സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി വാസവൻ പറഞ്ഞിരുന്നു. ആറ് വാർഡുകളിലായി 360 രോഗികളാണുള്ളത്. ഇവരെ ഉടൻ തന്നെ പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റും. സംഭവത്തിന് കാരണമെന്താണെന്ന് മുൻവിധിയോടെ പറയാൻ കഴിയില്ല. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാസ്ഥയുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here