KeralaNews

‘ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല, കേരളത്തില്‍ ആരും അന്യരാവില്ല’ മുഖ്യമന്ത്രി പിണറായി വിജയന്‍

ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും ഇത് കേരളം നല്‍കുന്ന ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആരും അന്യരാവില്ലെന്നും നേറ്റിവിറ്റി കാര്‍ഡ് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാന്‍ എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസാക്കിയ കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍, 2026 എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരാള്‍ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ ജനനം, സ്ഥിരം മേല്‍വിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതിനും, അത് കേരള സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.

സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവില്‍ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികള്‍ക്കു ലഭിക്കും. ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നല്‍കുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാര്‍ഡ് ബില്‍ എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button