NationalNews

ഇരുട്ടടി വീഴും ; രാജ്യത്ത് ഇന്ധനവില വർദ്ധിച്ചേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെ കൂടാൻ സാധ്യത

രാജ്യത്ത് മെയ് 15ന് മുമ്പ് പെട്രോൾ-ഡീസൽ വിലയിൽ വർധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പൊതുമേഖല എണ്ണവിപണന കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില വർധനവുണ്ടായിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ പെട്രോളിന് ലിറ്ററിന് ഏകദേശം 24 രൂപ വരെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചേർന്ന് വഹിക്കുകയാണ്. ഡീസലിൽ ഇത് 30 രൂപവരെ എത്തുന്നുവെന്നാണ് വൃത്തങ്ങൾ പറയുന്നത്.

വില വർധനയ്ക്ക് അനുമതി ലഭിച്ചാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ 5 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപവരെ വർധന ഉണ്ടാകാനും സാധ്യതയുണ്ട്. 2022ന് ശേഷം ഇന്ധനവിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നതിനാൽ, ഏകദേശം നാല് വർഷത്തിനിടെ നടക്കുന്ന ആദ്യ പ്രധാന വിലപരിഷ്‌കരണമാകും ഇത്.

ലോകത്തിന്റെ ഏകദേശം 20 ശതമാനം എണ്ണവിതരണവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ യുദ്ധസാഹചര്യത്തെ തുടർന്ന് വലിയ തടസങ്ങളുണ്ടായതോടെയാണ് ആഗോള ഇന്ധനവിപണി പ്രതിസന്ധിയിലായത്. ബംഗ്ലാദേശിൽ നിലവിൽ ഇന്ധനം റേഷനിംഗ് സംവിധാനമാണ് നടപ്പാക്കുന്നത്. പാകിസ്ഥാനും ശ്രീലങ്കയും ജോലി ദിവസങ്ങൾ കുറയ്ക്കുന്ന നടപടികൾ സ്വീകരിച്ചു. ദക്ഷിണ കൊറിയ വിലനിയന്ത്രണ നടപടികളും പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യയിൽ ഇന്ധനക്ഷാമമോ നീണ്ട ക്യൂകളോ റേഷനിംഗോ ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button