സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം; ഇഡബ്ല്യൂഎസ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് എന്‍എസ്എസ് പ്രമേയം

മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇഡബ്ല്യൂഎസ് കമ്മീഷനും (Economically Weaker Section) ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പ്പറേഷനും രൂപീകരിക്കണമെന്ന് എന്‍എസ്എസ്. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ വേണമെന്ന് നേരത്തെ എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്കാര്‍ക്കും മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷക്കാര്‍ക്കും മറ്റു പിന്നാക്കവിഭാഗക്കാര്‍ക്കും സംവരണം നിലവിലുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് 103-ാം ഭരണഘടനാഭേദഗതി യിലൂടെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സാമ്പത്തികസംവരണം ആദ്യമായി ഇന്ത്യാരാജ്യത്ത് നടപ്പിലാക്കിയത്. സാമ്പത്തിക സംവരണ ഭരണഘടനാഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയതോടുകൂടി ഇത് രാജ്യത്തിന്റെ നിയമമായിക്കഴിഞ്ഞു.
സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനായി ഭരണഘടനാധിഷ്ഠിതമായ ഒരു ദേശീയ ഇഡബ്ല്യൂഎസ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. മറ്റു ജാതി-മതവിഭാഗങ്ങളുടെ ദേശീയ ഭരണഘടനാകമ്മീഷനുകളായ ദേശീയപട്ടികജാതി കമ്മീഷന്‍, ദേശീയപട്ടികവര്‍ഗ്ഗകമ്മീഷന്‍, ദേശീയ പിന്നാക്കവിഭാഗകമ്മീഷന്‍, ദേശീയന്യൂനപക്ഷകമ്മീഷന്‍ എന്നിവയുടെ മാതൃകയില്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.