വയനാട് ദുരന്തബാധിതരുടെ ധനസഹായം ഇനിയും നീളും : ഉന്നതാധികാര സമിതി യോഗം വൈകും

0

വയനാട് ദുരന്തത്തില്‍ ധനസഹായം നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതി യോഗം ചേരാന്‍ ഇനിയും വൈകും. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനം ഇനിയും കൈമാറത്ത സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. വയനാട്ടില്‍ സ്ഥലമേറ്റെടുക്കന്നതിലെ കാലതാമസം കോടതിയിലടക്കം സാങ്കേതിക തടസമായി കേന്ദ്രം ഉന്നയിച്ചേക്കാം.

ദുരന്ത നിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തത്തിന്‍റെ വ്യാപ്തി വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ചിരിക്കുന്നത്. ധന, ആഭ്യന്തര, കൃഷിമന്ത്രിമരുള്‍പ്പെടുന്ന സമിതിയില്‍ അതാത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ഭൗമശാസ്ത്ര വിദഗ്ധരും ഭാഗമാണ്. ദുരന്ത ഭൂമി സന്ദര്‍ശിച്ച് മന്ത്രി തല സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദമായ പ്രൊപ്പോസല്‍ കൂടി പരിഗണിച്ചാണ് ഏത് വിഭാഗത്തില്‍ പെടുന്ന ദുരന്തമാണെന്നും, സഹായ ധനം എത്രയെന്നും നിശ്ചയിക്കുന്നത്.

വയനാടിന്‍റെ കാര്യത്തില്‍ ഉന്നതാധികാര സമിതി ചേരാന്‍ വൈകുന്നതാണ് പ്രത്യേക സഹായം അനുവദിക്കുന്നതിലെ പ്രധാന പ്രതിസന്ധി. വിമര്‍ശനം ഉയരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ വിവരം നല്‍കാത്തതിനാലാണ് നടപടികള്‍ വൈകുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി. പുനരധിവാസം സംബന്ധിച്ച വിശദാംശങ്ങള്‍ സംസ്ഥാന ഇനിയും ലഭ്യമാക്കിയിട്ടില്ല. ദുരന്തബാധിതരെ എവിടെ പാര്‍പ്പിക്കും, അതിനായി എത്ര ഭൂമി എവിടെ ഏറ്റെടുക്കും, ദുരന്തബാധിതര്‍ കൂടി അനുയോജ്യമെന്ന് വിലയിരുത്തിയാണോ സ്ഥലം ഏറ്റെടുക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here