പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം പാലക്കാട് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയിരുന്നു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു.
ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോൺ അധ്യാപകൻ, പ്രധാന അധ്യാപകൻറെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർത്ഥി പ്രധാന അധ്യാപകൻറെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി അധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥിയുടെ ഭീഷണി. ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാർത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി.