KeralaNews

പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ അവധിയെത്തി; കുട്ടനാട്ടിലുൾപ്പെടെ നാളെ സ്കൂൾ തുറക്കില്ല

പുതിയ അധ്യയന വർഷം നാളെ തുടങ്ങാനിരിക്കെ അവധിയുമെത്തി. കോട്ടയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ മാത്രം നാളെ പ്രവേശനോത്സവം നടത്തും. ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്‌കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്കൂൾ കോയിപ്പുറം തുടങ്ങിയ സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ക്യാമ്പ് പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും.

കുട്ടനാട് താലൂക്കിലേയും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം നാളെയാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്. അതിശക്തമായ മഴയ്ക്ക് ശമനമുണ്ടായതിനാൽ സ്‌കൂളുകൾ നാളെ തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ലെന്നും പകരം പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇനിമുതൽ അരമണിക്കൂർ അധികമായി ക്ലാസിലിരുന്ന് പഠിക്കേണ്ടി വരും. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ദിവസം അരമണിക്കൂർ പഠന സമയം കൂട്ടാനുള്ള നിർദേശം ഗുണനിലവാര സമിതി അംഗീകരിച്ചു. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ഹൈസ്കൂൾ ക്ലാസുകൾ ക്രമീകരിക്കാനാണ് ആലോചന. കൂടാതെ 7 ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button