ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 34.8 കോടി: മൂന്ന് ജില്ലകൾക്ക് പാക്കേജ് അനുവദിച്ച് എൻ.എച്ച്.എ.ഐ

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി ആശ്വാസ നടപടികളുമായി ദേശീയപാത അതോറിറ്റി. ദേശീയപാത 66-നോട് ചേർന്നുള്ള പ്രദേശങ്ങളിൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന വെള്ളക്കെട്ടും, ഡ്രെയിനേജ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 34.8 കോടി രൂപയുടെ വിപുലമായ പാക്കേജിന് അനുമതി നൽകി. ആകെ അനുവദിച്ച തുകയിൽ 10.91 കോടി രൂപ മലപ്പുറം ജില്ലയ്ക്കും, 14.92 കോടി രൂപ തൃശൂർ ജില്ലയ്ക്കും, 8.97 കോടി രൂപ കൊല്ലം ജില്ലയ്ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ എസ്റ്റിമേറ്റുകൾ തയ്യാറാക്കിയതിന്റെയും, സാങ്കേതിക സൂക്ഷ്മപരിശോധന നടത്തിയതിന്റെയും, അംഗീകാരങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മഴക്കാലത്ത് സർവീസ് റോഡുകളിലും സമീപത്തെ വീടുകളിലും വെള്ളം കയറുന്നത് തടയുന്നതിനായി, സംയോജിത ഡ്രെയിനേജ് ശൃംഖല നിർമ്മിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തോടുകൾ അടഞ്ഞുപോയതും, ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും, റോഡിന് പുറത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇതിന് പരിഹാരമായി, ദേശീയപാതയിലെ കാനകളെ അടുത്തുള്ള തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ തന്നെ വഹിക്കും.
പദ്ധതിക്ക് മുന്നോടിയായി ഈ വർഷം ജനുവരി 16-നും, മെയ് 13 നും സംസ്ഥാന സർക്കാരുമായി ഉന്നതതല യോഗം ചേർന്നിരുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചുള്ള എസ്റ്റിമേറ്റുകൾ അതത് വകുപ്പുകൾ വഴി തയ്യാറാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ഈ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ജോലികളുടെ മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ തന്നെ വഹിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകൾ സമർപ്പിച്ച എസ്റ്റിമേറ്റുകൾ പരിഗണിച്ചാണ് ഇപ്പോൾ മൂന്ന് ജില്ലകളിലെ സാമ്പത്തിക പാക്കേജിന് അനുമതി നൽകിയിരിക്കുന്നത്
കനത്ത മഴയുള്ള സമയങ്ങളിൽ ആവർത്തിച്ചുള്ള വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദിഷ്ട ജോലികൾ ഹൈവേ അടിസ്ഥാന സൗകര്യങ്ങളും സർവീസ് റോഡുകളും സംരക്ഷിക്കുന്നതിന് മാത്രമല്ല, സമീപത്തെ ജനവാസ മേഖലകൾക്ക് സുരക്ഷയൊരുക്കാനും വർഷക്കാലത്ത് പൊതുജനങ്ങളുടെ സൗകര്യവും സുരക്ഷിതത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഓരോ പ്രദേശത്തേയും, ഭൂപ്രകൃതിയും വെള്ളപ്പൊക്ക പ്രശ്നങ്ങളും കൃത്യമായി അറിയാവുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ (എൽ.എസ്.ജി.ഡി) എൻജിനീയർമാരും ജില്ലാ സാങ്കേതിക വിദഗ്ധരുമാണ് ഇതിന്റെ കണക്കുകളും പ്ലാനുകളും തയ്യാറാക്കുന്നത്. നേരിട്ടുള്ള പരിശോധനകൾക്ക് ശേഷമാണ് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് ശൃംഖല ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ഭാവിയിലും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കും.
ദേശീയപാത നിർമ്മാണ കരാറുകൾ പ്രകാരം, പ്രധാനമായും റോഡിന്റെ ഉപരിതലത്തിൽ നിന്നുള്ള മഴവെള്ളം ശേഖരിച്ച് കളയുന്നതിനാണ് ഡ്രെയിനേജ് സംവിധാനം രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവികസനം, കൈയേറ്റങ്ങൾ, തോടുകളുടെ മാറ്റം എന്നിവ കാരണം റോഡിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഈ പ്രശ്നം പരിഹരിക്കാനാണ് എൻ.എച്ച്.എ.ഐ ജില്ലാ ഭരണകൂടങ്ങളുമായി ചേർന്ന് ഹൈവേയ്ക്ക് വിപുലമായ പദ്ധതി തയ്യാറാക്കിയത്. ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട ഫണ്ട് അതത് ജില്ലാ കളക്ടർമാരുടെ ഓഫീസുകൾ വഴിയായിരിക്കും വിനിയോഗിക്കുന്നത്.
ദേശീയപാതയിലെ പ്രധാന ഓടകളെ, അടുത്തുള്ള തോടുകളുമായും മറ്റ് ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്ന ലിങ്ക് ഡ്രെയിനേജുകളുടെ നിർമ്മാണ ചുമതല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ സംസ്ഥാന/ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കുന്ന മറ്റ് വകുപ്പുകൾ വഴിയോ ആയിരിക്കും നടപ്പാക്കുക.
വിവിധ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനാൽ ഈ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പൊതുജനങ്ങളുടെ നന്മയും സുരക്ഷിതത്വവും മുൻനിർത്തിയാണ് എൻ.എച്ച്.എ.ഐ പദ്ധതി നടപ്പാക്കുന്നത്. ദേശീയപാത 66-ലെ വെള്ളക്കെട്ട് പൂർണ്ണമായി മാറ്റുന്നതിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും കനത്ത മഴയിലും റോഡും പരിസരപ്രദേശങ്ങളും സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് എൻഎച്ച്എഐ വാര്ത്താക്കുറിപ്പിൽ അറിയിച്ചു.



