News
നീറ്റ് ചോർച്ച: ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക സി.ബി.ഐ പിടിയിൽ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മുംബൈ: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ ദേശീയ പരീക്ഷാ ഏജൻസിയെയും (NTA) കേന്ദ്ര സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കി സി.ബി.ഐയുടെ നിർണ്ണായക അറസ്റ്റ്. ചോദ്യപ്പേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ച പാനലിലെ പൂനെ സ്വദേശിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സുവോളജി, ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ പ്രധാനിയാണിവർ
- അധ്യാപകരുടെ പങ്ക്: ചോദ്യപ്പേപ്പർ തയ്യാറാക്കാൻ നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി. വി. കുൽക്കർണി കഴിഞ്ഞ ദിവസം പൂനെയിൽ നിന്ന് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മനീഷയും അറസ്റ്റിലാകുന്നത്. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന്-ചോർച്ചാ മാഫിയയിലെ പ്രതികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഈ അധ്യാപകരാണെന്ന് സി.ബി.ഐ വ്യക്തമാക്കി.
- അന്വേഷണം എൻ.ടി.എ ഉന്നതരിലേക്ക്: പാനലിലുള്ള അധ്യാപകർ തന്നെ നേരിട്ട് പിടിയിലായതോടെ എൻ.ടി.എയുടെ സുരക്ഷാ സംവിധാനങ്ങൾ വലിയ ചോദ്യമുനയിലാണ്. എൻ.ടി.എയിലെ ചില ഉന്നത ഉദ്യോഗസ്ഥരിലേക്കും ചോദ്യപേപ്പർ വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരിലേക്കും അന്വേഷണം നീളുകയാണ്. കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ ചില പ്രമുഖ കോച്ചിംഗ് സെന്ററുകളും ഇപ്പോൾ സി.ബി.ഐ റഡാറിലാണ്.
രാഷ്ട്രീയ പ്രതികരണങ്ങൾ:
- രാഹുൽ ഗാന്ധിയുടെ വിമർശനം: പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ചു. ഇത് വെറുമൊരു പരീക്ഷാ അട്ടിമറിയല്ലെന്നും കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ കൊലപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.



