KeralaNews

നവകേരള യാത്ര ‘രക്ഷാപ്രവർത്തന’ക്കേസ്; അജിത് കുമാറിനെ കൈവിട്ട് ആഭ്യന്തര മന്ത്രി, സസ്‌പെൻഡ് ചെയ്‌തേക്കും

നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും നടപടി ഉണ്ടാകും.

കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്. എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഡിജിപി നിയമപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചുകഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറും. അച്ചടക്ക നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ടാകുമെന്നാണ് സൂചന. എം ആര്‍ അജിത് കുമാറിന് ഒരു സംരക്ഷണവും നല്‍കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിലപാട്.

രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴി രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് എസ്ഐടി സമര്‍പ്പിച്ചിരിക്കുന്നത്. 2024ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ എം ആര്‍ അജിത് കുമാര്‍ തന്റെ ഓഫീസില്‍ നേരിട്ട് വിളിപ്പിച്ചാണ് കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്തി കോടതിയില്‍ സമര്‍പ്പിക്കാന്‍ പറഞ്ഞതെന്ന് മൊഴിയുണ്ട്. കോടതിയില്‍ ആ തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button