Cinema

എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം മെഗാസ്​റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി

കൊച്ചി; എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം മെഗാസ്​റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. മന്ത്റി പി രാജീവും താരത്തെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയിരുന്നു.

വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിറയെ ആരാധകരും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

മമ്മൂട്ടി പ്രതിനായകനായി എത്തുന്ന ‘കളങ്കാവൽ’ എന്ന സിനിമയുടെ റിലീസ് സംബന്ധമായ പരിപാടിയിലും പങ്കെടുക്കാനുമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.മമ്മൂട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനയോടെയാണ് ആരാധകർ കാത്തിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി താരത്തിന്റെ പേരിൽ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തിയതും ശ്രദ്ധേയമായതാണ്.

എ ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിനുവേണ്ടി ഉത്രം നക്ഷത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു. നേരത്തെ ശബരിമലയിൽ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button