
കോഴിക്കോട് – വയനാട് ചുരം പാതയില്‍ വന്‍ ഗതാഗക്കുരുക്ക്. താമരശ്ശേരി ചുരം എട്ടാം വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മൂന്ന് കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ലോറി മുകളിലേക്ക് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, വൈത്തിരി താലൂക്ക് ആശുപത്രി, പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ വയനാട് ജില്ലയിലെ വൈത്തിരി മുതല്‍ കോഴിക്കോട് ജില്ലയിലെ അടിവാരം വരെ വാഹനങ്ങള്‍ കുടുങ്ങി. ഹൈവേ, ട്രാഫിക് പൊലീസ് പോലീസും, അടിവാരം ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, ചുരം ഗ്രീന്‍ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം സുഗമമാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. നിലവില്‍ ഒരു വരിയായി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.