തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം; സിപിഎം-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി

തിരുവനന്തപുരം: Thiruvananthapuram Corporation കോർപ്പറേഷൻ കെട്ടിടത്തിനുള്ളിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സംഘർഷം നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടിവന്നു. സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്നാണ് കോർപ്പറേഷൻ ഓഫീസിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്.
മേയർ V. V. Rajesh ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ സിപിഎം കൗൺസിലർമാർ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇതിനെ ബിജെപി കൗൺസിലർമാർ പ്രതിരോധിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
സംഘർഷത്തിനിടെ കാട്ടായിക്കോണം കൗൺസിലർ സിന്ധുവിന് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരും കോർപ്പറേഷൻ പരിസരത്ത് എത്തി പ്രതിഷേധം ശക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ ഇഷ്ടദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിരുന്നു. മണിക്കൂറുകൾക്കകം ‘ദൈവനാമത്തിൽ’ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലർമാർ യോഗ്യത വീണ്ടെടുത്തു. 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു കോടതിയുടെ നിർദേശം.
എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നതെന്നും, രഹസ്യമായാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്.




