
കാസര്‍കോട് പടന്നക്കാട് എല്‍പിജി ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികളായ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ല. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനും അനുമതിയില്ല. ടാങ്കര്‍ മറിഞ്ഞ പ്രദേശത്ത് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും.
അതേ സമയം നാളെ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങോത്ത് വരെയുള്ള 18,19,26 വാര്‍ഡുകള്‍ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടാങ്കര്‍ സുരക്ഷിതമായി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേ സമയം നാളെ കാഞ്ഞങ്ങാട് നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയ കോട്ടയില്‍ നിന്ന് കല്ലൂരാവി വഴി പോകണം. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ മടിക്കൈ – കല്യാണ്‍ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണം. ചരക്ക് വാഹന ഗതാഗതം നാളെ രാവിലെ 9.30 മുതല്‍ നിര്‍ത്തിവയ്ക്കും.