
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം. ലോകകേരള സഭ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ പുതിയ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലോകകേരള സഭയുടെ പേരില്‍ നടന്നത് വലിയ ധൂര്‍ത്താണ്. അത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക കേരള സഭയ്ക്ക് പകരം ബദല്‍ സംവിധാനം ഉണ്ടാകും. പ്രവാസികളുടെ വിഷയങ്ങള്‍ അഡ്രസ് ചെയ്യാന്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരും. അവരുടെ റെമിറ്റന്‍സ് ഇക്കോണമിയെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റാനുള്ള സംരംഭം കൂടിയുള്ള വലിയ പദ്ധതി ഉണ്ടാകും. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ സമിതിയില്‍, വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ മന്ത്രിമാര്‍ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം 70 വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഫെസ്റ്റിവല്‍ കേരള എന്ന പേരില്‍ രാജ്യത്തെല്ലായിടത്തും ആഘോഷ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് പരിപാടികള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ചെയര്‍മാനായും, സാംസ്‌കാരിക മന്ത്രി കണ്‍വീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




