KeralaNews

ഓപ്പറേഷൻ തൂഫാൻ ; ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയിൽ

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയിൽ. ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. രാസ വളങ്ങളൊന്നും നൽകാറില്ലെന്നും ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികൾക്ക് നൽകുന്നതെന്നു വിശാൽ പൊലീസിനോട് വിശദമാക്കിയത്. ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി കമ്പനി മാനേജരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി നോക്കുകയാണ് ഇയാൾ.

ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പകൽ മുഴുവൻ പ്രൊഫഷണൽ രീതിയിൽ ഐ.ടി മാനേജരായി ജോലി ചെയ്യുന്ന വിശാൽ, രാത്രിയിലാണ് ഫ്ലാറ്റിലെത്തി കഞ്ചാവ് തോട്ടത്തിന്റെ പരിപാലനം നടത്തിയിരുന്നതെന്നാണ് വിവരം. വിപണിയിൽ നിന്നും വാങ്ങിയ പ്രത്യേക ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് യുവാവിൻ്റെ രീതികൾ കണ്ട് ഞെട്ടി.

​കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൂർണമായും സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് തോട്ടമൊരുക്കിയത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ കഞ്ചാവില ചേർത്ത് ചമ്മന്തി രൂപത്തിൽ അരച്ചും ഇയാൾ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഉയർന്ന ശമ്പളമുള്ള ഒരു ഐ.ടി പ്രൊഫഷണൽ ഇത്തരത്തിൽ വീട്ടിനുള്ളിൽ വിപുലമായ രീതിയിൽ കഞ്ചാവ് കൃഷി നടത്തിവന്നത് പൊലീസിനെയും സമീപവാസികളെയും ഒരുപോലെ ഞെട്ടിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.ഇയാളെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button