Kerala

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി സിഎംഡി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്ന് ടിഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി.

പണിമുടക്കിനെ കര്‍ശനമായി നേരിടാനാണു മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button