
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന് നഷ്ടമായ 15 കാരന് പാര്‍ഥിപന്റെയും അധ്യാപകന് ഹരിലാലിന്റെയും സംസ്ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.
അപകടത്തിന് പിന്നാലെ അപകടകാരണമായ ടിപ്പര്‍ ലോറിക്ക് ഫിറ്റ്നസ് നല്‍കിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് കൂടുതല്‍ പരിശോധനകളിലേക്ക് നീങ്ങുകയാണ്. അമിതഭാരം കയറ്റി പോകുന്ന ടിപ്പറുകള്‍ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
കൊല്ലം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. രാവിലെ 7 മുതല്‍ 10 വരെയും 3.30 മുതല്‍ 5 വരെയും നിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വലിയ അപകടങ്ങള്‍ അന്വേഷിക്കാന്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. ജില്ലയിലെ ആര്‍ടിഒ, പൊലീസ്, പിഡബ്ല്യുഡി അല്ലെങ്കില്‍ ദേശീയ പാത എഞ്ചിനീയര്‍, നാറ്റ്പാക്കിലെ ഉദ്യോഗസ്ഥന് എന്നിവര്‍ അടങ്ങുന്നതായിരിക്കും അന്വേഷണ സംഘം വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പാര്‍ഥിപന്റെയും ഹരിലാലിന്റെയും സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി ജീവനക്കാരനായ അജയകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടുവളപ്പില്‍ നടന്നിരുന്നു. വിദ്യാര്‍ത്ഥികളായ കൗഷിക്, ഋഷബ്, ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.




