KeralaNews

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; സര്‍വീസ് റോഡിന് വിള്ളല്‍

നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്. അതേസമയം ദേശീയപാത തകര്‍ന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button