കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍; പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം

തിരുവനന്തപുരം: മലയാള സിനിമയെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തിയിലേക്ക് നയിച്ച സംവിധായകനാണ് ഷാജി എന്‍ കരുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി കൈമാറി.
54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചിത്രകലയോടൊപ്പം സിനിമാ കലയെ സന്നിവേശിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകളാല്‍ സമ്പന്നമായ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് ഷാജി എന്‍ കരുണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള അവാര്‍ഡ് ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും ഏറ്റുവാങ്ങി.
സംവിധായകന്‍ ബ്ലെസ്സി, നടന്‍ വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യു, സംഗീത് പ്രതാപ് തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, എഴുത്ത് വകുപ്പ് ജൂറി ചെയര്‍പേഴ്സണ്‍ ഡോ ജാനകി ശ്രീധരന്‍, ചലച്ചിത്ര അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി അംഗം ആന്‍ അഗസ്റ്റിന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം എന്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര അവാര്‍ഡുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം മന്ത്രി വി ശിവന്‍കുട്ടി മന്ത്രി കെ എന്‍ ബാലഗോപാലിന് നല്‍കി പ്രകാശനം ചെയ്തു. വനിതാ ചലച്ചിത്രമേളയുടെ രൂപകല്‍പ്പന നടന്‍ പൃഥ്വിരാജും മന്ത്രി സജി ചെറിയാനും ചേര്‍ന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍, ദിവ്യ എസ് അയ്യര്‍, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്സിയും സംഘവും നയിച്ച സംഗീത പരിപാടിയും നടന്നു.