Blog

കനത്ത മഴ : ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം, അതിരപ്പിള്ളിയില്‍ കര്‍ശന നിയന്ത്രണം

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള ഷോളയാര്‍ ഡാം തുറന്നു

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള ഷോളയാര്‍ ഡാം തുറന്നു. ഇന്ന് രാവിലെ 11ന് ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി 50 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കാനാണ് തീരുമാനിച്ചത്.

മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ എത്തിച്ചേരുന്ന ഈ ജലം താത്ക്കാലികമായി അവിടെ തന്നെ സംഭരിക്കാന്‍ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്‌സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാല്‍ ചാലക്കുടി പുഴയില്‍ പരമാവധി 1.50 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഇപ്പോള്‍ കുറവായതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒഴുക്കാന്‍ ചാലക്കുടി വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button