
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും നേതാക്കളും അണികളും സംഘടന മര്യാദ പാലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രി കസേര തർക്കത്തിന്റെ പേരിൽ തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങളും സംഭവങ്ങളും അവസാനിപ്പിക്കണം. ഉമ്മൻചാണ്ടിയുടെ പേരിൽ സ്ഥാനാർഥിയായവരും എം എൽ എയുമായവർ ഇന്നലെ അദ്ദേഹത്തിന്റെ ഫ്ലെക്സ് കീറിയപ്പോൾ മിണ്ടിയില്ല. കെ സി ക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. കെ സി വേണുഗോപാൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. കെ സി യുടെ ഔദാര്യം പറ്റിയ എത്രയോ ആളുകൾ ഉണ്ട്. അവരിൽ ആരെങ്കിലും ഒരാൾ എന്തെങ്കിലും മിണ്ടിയോ? അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് അവസാനം വരെ പൊരുതാം . പക്ഷെ ഇങ്ങനെ തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർ ശബ്ദവും ഉയരില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാം. അൽപ്പന് അർത്ഥം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



