
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമടക്കമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്നും ഇതിനായി കേരളത്തിന് പുറത്ത് പത്ത് കോടി രൂപ പരസ്യത്തിന് ചെലവാക്കിയെന്നും അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മഹാനടന്മാര്‍ സര്‍ക്കാരിന്‍റെ വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
മഹാനടന്മാര്‍ക്ക് ഇതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ലായിരിക്കും. തിരക്കുള്ള ആളുകളല്ലെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിലേക്ക് നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയവരെ ക്ഷണിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളെതുടര്‍ന്ന് മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് നടന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സണ്ണി ജോസഫിന്‍റെ പ്രതികരണം.




