Kerala

സാമ്പത്തികസ്ഥിതി വളരെ മോശം, സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും : ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കുമായുള്ള അദാലത്തുകൾ ഈ മാസം 9-ന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘കായകൽപ്പ’ എന്നാണ് ഈ അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, ജരാനരകൾ ബാധിച്ച ഭരണസംവിധാനത്തെ പൂർണ്ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ആരോഗ്യവകുപ്പിൽ മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ഇത്തരമൊരു ‘കായകൽപ്പം’ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരൊറ്റ ‘ഏകീകരണ ദേവസ്വം ബോർഡ്’ രൂപീകരിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വിവാദപരമായ യാതൊരു തീരുമാനവും എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വിവിധ ഹൈന്ദവ സംഘടനകളുമായി കൃത്യമായ ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ പൊതുപരിപാടികളും വലിയ ആഘോഷങ്ങളും വരുമ്പോൾ എല്ലാ ബോർഡുകളെയും ഒന്നിച്ച് നിർത്തി ഏകോപനത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

വിവാദ ബന്ധുനിയമനത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ മന്ത്രി, തത്വത്തിൽ ബന്ധുനിയമനങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ വിവാദത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും മന്ത്രി ചോദിച്ചു. വ്യക്തമായ പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം ഉള്ളതെന്നും അതിനാൽ യോഗ്യതയുള്ളവരുടെ രാഷ്ട്രീയ പാരമ്പര്യത്തെ തള്ളിക്കളയാനാകില്ലെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button