Kerala

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വഖഫ് സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് നിയമപ്രകാരം സര്‍ക്കാരും കോടതിയും അംഗീകരിക്കുന്ന എത് തീരുമാനവും അംഗീകരിക്കും. പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ റിസോര്‍ട്ട് മാഫിയകളും മറ്റ് ചില തത്പരകക്ഷികളുമാണ്. വഖഫ് ഭൂമിയിലെ സാധുക്കളായ താമസക്കാര്‍ക്ക് കഴിയാന്‍വേണ്ട നിയമപരമായ സഹായം നല്‍കണമെന്നും സംരക്ഷണ സമിതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിഡി സതീശന്റെയും മുസ്ലീം ലീഗിലെ ചില നേതാക്കളുടെയും പ്രസ്താവന വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ്. പറവൂര്‍ സബ്‌കോടതിയും ഹൈക്കോടതിയുമെല്ലാം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചതാണെന്നും സമിതി വ്യക്തമാക്കി.

2009ല്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിയമവിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയവരില്‍ നിന്ന് നഷ്ടം ഈടാക്കണം. നിയമപരമായ വഴിയിലൂടെ സഞ്ചരിച്ചാല്‍ തങ്ങളുടെ പക്കല്‍ ന്യായം ഇല്ലാത്തതിനാല്‍ നീതി ലഭിക്കില്ലെന്ന ബോധ്യമാണ് പ്രതിഷേധത്തിന് പിന്നിലെന്നും സമിതി കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button