സസ്പെൻഷനിൽ നിന്ന് തിരിച്ചുവരവ്; ബി അശോകിനെയും എൻ പ്രശാന്തിനെയും സേവനത്തിലേക്ക് തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എൻ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശൻ. ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് ഒൻപത് സസ്പെൻഷൻ ആണ്.
സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോസ്ഥരുടെ നടപടികളെയും വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോർഡാണ് അശോകിനും ബ്രോ പ്രശാന്തിനും. പിണറായി സർക്കാറിന്‍റെ കണ്ണിലെ കരടായ സീനിയർ ഉദ്യോഗസ്ഥൻ അശോകിനെ സസ്പെൻഡ് ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ തൊട്ടുമുമ്പ്. തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന മാധ്യമങ്ങളിലെ വിമർശനം കാരണം.
ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവൽ സർക്കാരിന്‍റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു അന്ന് അശോകിന്‍റെ പ്രതികരണം. കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ കൃഷി വകുപ്പിൽ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്സി സിഎംഡി. തദ്ദേശ കമ്മീഷണർ, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കുമുള്ള മാറ്റങ്ങളെ അശോക് ട്രൈബ്യൂണലിൽ പോയി തടഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളായിരുന്നു ബ്രോ പ്രശാന്തിന്‍റെ പ്രധാന കേന്ദ്രം. അച്ചടക്ക നടപടികളെ ട്രോൾ ഇറക്കി മറുപടി നൽകുന്നതാണ് രീതി. പലവട്ടം നടപടി നേരിട്ടു, ഒടുവിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചതിന് നടപടി. ഹിയറിംഗ് ലൈവ് സ്ട്രീം നടത്തണമെന്ന് വരെ ആവശ്യപ്പെട്ടു. അനഭിമതമായ കാര്യങ്ങളിലെ തുറന്നടിക്കൽ പതിവ് പല കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയെങ്കിലും ഇരുവരെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി.




