
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വൈകുന്നേരം 5.30-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആഘോഷങ്ങൾക്ക് തിരികൊളുത്തും. ആഗസ്ത് 30 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അരങ്ങേറുന്നത്.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. ഒരാഴ്ച നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളിൽ മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും.
വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തും. കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. സമാപന ദിവസമായ ആഗസ്ത് 30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.




