ലാത്തിയടിയുടെ വേദന ഇപ്പോഴും ശരീരത്തിലുണ്ട്; കെഎസ് യു ജന്മദിനത്തിൽ പഴയ ചോരച്ചാലുകൾ ഓർമ്മിപ്പിച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരള വിദ്യാർത്ഥി യൂണിയന്റെ (KSU) സ്ഥാപക ദിനത്തിൽ, താൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് നന്ദാവനം പോലീസ് ക്യാമ്പിൽ വെച്ച് ഏൽക്കേണ്ടി വന്ന ക്രൂരമായ മർദനത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ
. വി. ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ്, മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്ന കെ. സി. വേണുഗോപാലിന്റെ ഈ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
“ചോരയിൽ കുതിർന്ന ഷർട്ടും ഇടതു സർക്കാരിന്റെ പതനവും”:
പോലീസ് മർദനത്തെത്തുടർന്ന് താൻ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് എ. കെ. ആന്റണി സന്ദർശിക്കുന്ന പഴയ ഫോട്ടോ സഹിതമാണ് കെ. സി. വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
കെഎസ്യു എല്ലാകാലത്തും ഒരു വികാരമാണ്. ഇല്ലായ്മകൾ നിറഞ്ഞ പഠനകാലത്ത് മുണ്ടുമുറുക്കിയുടുത്ത് വരാന്തകളിലും വഴിവക്കുകളിലും കൂട്ടുകാരുടെ വീടുകളിലും കിടന്നുറങ്ങി, ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക് യാത്ര ചെയ്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ച് ലാത്തിച്ചാർജ്ജുകൾ ഏറ്റുവാങ്ങി, വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുത്ത് പ്രസ്ഥാനം കെട്ടിപ്പടുത്തവർ തമ്മിലുള്ള
ബന്ധത്തിൻറെ ആഴവും പരപ്പും ഊഷ്മളതയും പറഞ്ഞറിയിക്കാവുന്നതിലും എത്രയോ അപ്പുറമാണ്. ഓർമ്മകൾ ഒട്ടേറെ ഉണ്ടെങ്കിലും നന്ദാവനം പോലെ ക്രൂരമായ ലാത്തിചാർജ് ഏറ്റുവാങ്ങേണ്ടി വന്ന സമരങ്ങളുടെ വേദന മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും ഒരുകാലത്തും വിട്ടു പോയിട്ടില്ല.
കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിച്ച ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ലാത്തിച്ചാർജ്ജുകൾ ഏൽക്കേണ്ടിവന്നു. നന്ദാവനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നിലും രാമനിലയത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലുമടക്കം വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്കായി നിലകൊണ്ടതിന്റെ പേരിൽ അക്കാലത്തെ ഞങ്ങളുടെ കെഎസ്യു നേതൃനിര ഏറ്റുവാങ്ങേണ്ടിവന്ന മർദ്ദനങ്ങൾ എണ്ണിയാലൊടുങ്ങില്ല. പക്ഷേ എല്ലാ വേദനങ്ങൾക്കും മീതെ ആത്മാഭിമാനവും സന്തോഷവും തരുന്ന വിജയങ്ങളുടെ, നേട്ടങ്ങളുടെ പട്ടികയും കാലത്തിനു മുന്നിൽ അഭിമാന സ്തംഭങ്ങളായി നിൽക്കുന്നുണ്ട്. ഒരേയൊരു വോട്ടിന് കേരള യൂണിവേഴ്സിറ്റി നഷ്ടപ്പെട്ടതൊഴിച്ചാൽ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അക്കാലത്ത് കെഎസ്യു നീലക്കൊടി പാറിച്ചു.
അന്ന് ഞങ്ങളുടെ ശരീരത്തിലേറ്റ മായാത്ത ആ മുറിപ്പാടുകളാണ് ഇന്ന് കേരളാ വിദ്യാർത്ഥി യൂണിയൻ അതിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നത്. ആറരപതിറ്റാണ്ടിന് മുകളിലേക്ക് നീണ്ട കെഎസ് യുവിന്റെ ചരിത്രത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരരായ പോരാളികൾ, അവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ, അവർ രചിച്ച ചരിത്രം, അതൊക്കെയാണ് ഈ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനുള്ള ഊർജ്ജവും കരുത്തുമേകുന്നത് എക്കാലവും. അന്നുമിന്നുമെന്നും അടിമുടി കെ എസ് യുക്കാരൻ തന്നെയാണ് എന്ന പറഞ്ഞ് തലയുയർത്തി നിൽക്കുന്നതാണ് എനിക്ക് അഭിമാനം. കേരളാ വിദ്യാർത്ഥി യൂണിയനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന പ്രിയപ്പെട്ടവർക്ക്, എന്റെ ഹൃദയാഭിവാദ്യങ്ങൾ.
NB: ഇതോടൊപ്പമുള്ള ഫോട്ടോയിൽ നൽകിയിയിരിക്കുന്ന സന്ദർശനത്തിന് ശേഷം ആശുപത്രിയിൽ നിന്നും ശ്രീ എ കെ ആൻ്റണി മടങ്ങിയത് എൻറെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ്. ആ ഉടുപ്പ് ഉയർത്തി കാട്ടി അദ്ദേഹം നടത്തിയ പത്രസമ്മേളനം അന്നത്തെ സർക്കാരിനെതിരായ പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്ക് നൽകിയ തീക്ഷണത ആ ജനവിരുദ്ധ സർക്കാരിന്റെ പതനത്തിലേക്കാണ് എത്തിച്ചത്.




