KeralaNews

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി നല്‍കി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇദ്ദേഹം വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button