ലോക കീരീടം ചൂടി ഇന്ത്യന്‍ വനിതകള്‍,ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 52 റണ്‍സിന്

മുംബയ് : ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നികിരീടം സ്വന്തമാക്കിയത്. . മുംബയ് ഡി.വൈ പട്ടേൽ സ്റ്റേഡിയത്തിൽ മഴകാരണം വൈകിയ ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി.
ഓപ്പണർ ഷെഫാലി വെർമ്മ (87), ദീപ്തി ശർമ്മ (58), സ്മൃതി മാന്ഥന ( 45), റിച്ച ഘോഷ് ( 34) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിയത്. സെമിയിലെ ഐതിഹാസിക സെഞ്ച്വറിയിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ജമീമ റോഡ്രിഗസിന് 24 റൺസേ നേടാനായുള്ളൂ. സെമിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന നായിക ഹർമൻപ്രീത് കൗർ 20 റൺസെടുത്ത് പുറത്തായി. 17.4 ഓവറിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്മൃതി -ഷെഫാലി ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറിലേക്ക് അടിത്തറയൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷെഫാലിയും ഉത്തരവാദിത്വത്തോടെ ബാറ്റുവീശി. ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസാണ് ഇവർ നേടിയത്. 18-ാം ഓവറിൽ 100 റൺസലെത്തി. എന്നാൽ 104ൽ വച്ച് സ്മൃതിയെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അർദ്ധസെഞ്ച്വറിക്ക് അഞ്ചുറൺസ് അകലെവച്ച് സ്മൃതിയെ ട്രയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജാഫ്ത പിടികൂടുകയായിരുന്നു.58 പന്തുകളിൽ എട്ടുബൗണ്ടറികൾ പായിച്ച സ്മൃതി മടങ്ങിയപ്പോൾ സെമിയിലേതുപോലെ ഫസ്റ്റ് ഡൗൺ പൊസിഷനിൽ ജെമീമയെത്തി.25-ാം ഓവറിൽ ഇവർ 150 കടത്തി.
28-ാം ഓവർവരെ ക്രീസിൽ നിന്ന ഷെഫാലി 78 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്സുമടക്കമാണ് 87 റൺസടിച്ചത്. ഖാകയുടെ പന്തിൽ ലസിന് ക്യാച്ച് നൽകി ഷെഫാലി മടങ്ങുമ്പോൾ ടീം സ്കോർ 166/2. ഇതോടെ സെമിയിലേതുപോലെ ജമീമയും ഹർമനും ക്രീസിൽ ഒന്നിച്ചു. എന്നാൽ അധികദൂരം മുന്നോട്ടുപോകാൻ ഇരുർക്കുമായില്ല. 171ൽ വച്ച് ഖാഖയുടെ ബൗളിംഗിൽ വോൾവാറ്റിന് ക്യാച്ച് നൽകി ജെമീമയും 223ൽ വച്ച് മ്ളാബയുടെ പന്തിൽ ബൗൾഡായി ഹർമനും മടങ്ങി. തുടർന്ന് ദീപ്തി സ്കോർ ഉയർത്തവേ അമൻജോത് (12)ടീം സ്കോർ 245ൽ വച്ച് പുറത്തായി. ഇതോടെ റിച്ച ദീപ്തിക്ക് കൂട്ടിനെത്തി. 24 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്സുമടിച്ച റിച്ച 49-ാം ഓവറിലും 58 പന്തുകളിൽ മൂന്നുഫോറും ഒരു സിക്സുമടിച്ച ദീപ്തി അവസാന പന്തിലുമാണ് ഔട്ടായത്.
