News

നിറമില്ലെന്ന് ഭർതൃവീട്ടുകാർ; 27കാരി ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തിൽ മനംനൊന്തെന്ന്; മാതാപിതാക്കൾ

ബംഗളൂരു: യുവതിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. ബംഗളൂരുവിലെ സുദ്ദെഗുണ്ടെപാളയിയിലെ വീട്ടിൽ വച്ചാണ് ശിൽപ (27) ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

സോഫ്​റ്റ്‌‌വെയർ എഞ്ചിനീയറായിരുന്ന പ്രവീണാണ് ശിൽപയുടെ ഭർത്താവ്. ഇരുവരും രണ്ടര വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് ഒന്നര വയസുളള കുഞ്ഞുണ്ട്. വിവാഹത്തിന് മുൻപ് ശിൽപ ഇൻഫോസിസിൽ സോഫ്​റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. പ്രവീൺ ഒറാക്കിളിലെ ജീവനക്കാരനായിരുന്നു.

എന്നാൽ വിവാഹത്തിനുശേഷം പ്രവീൺ ജോലി രാജി വച്ച് ഫുഡ് ബിസിനസ് ആരംഭിക്കുകയായിരുന്നു.യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയനുസരിച്ച്, വിവാഹ സമയത്ത് പ്രവീണിന്റെ വീട്ടുകാർ 150 ഗ്രാം സ്വർണവും 15 ലക്ഷം രൂപയും വീട്ടുപകരണങ്ങളുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. അവയെല്ലാം നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചത്.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴേയ്ക്കും ഭർതൃവീട്ടുകാർ കൂടുതൽ പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട പണം കിട്ടാതെ വന്നതോടെ ഭർതൃവീട്ടുകാർ യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെയാണ് മകൾ ജീവനൊടുക്കിയത്. നിറമില്ലാത്തതിന്റെ പേരിലും മകളെ കളിയാക്കിയിരുന്നു. ശിൽപ കറുപ്പാണ്.

മകന് നല്ലൊരു പെൺകുട്ടിയെ കിട്ടുമെന്ന് പ്രവീണിന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്നും പരാതിയിലുണ്ട്.ആറ് മാസം മുൻപ് ബിസിനസിനായി പ്രവീൺ അഞ്ച് ലക്ഷം രൂപ ശിൽപയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അത് നൽകിയതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ സ്ത്രീധനപീഡനത്തിനും അസ്വാഭാവിക മരണത്തിനും കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പ്രവീണിനെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button