KeralaNews

കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

പ്രിയദര്‍ശിനി സര്‍വീസ് മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സര്‍ക്കാര്‍ ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍ഗോഡ് സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച പണി മുടക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി കടുത്തെന്നും ബസ് ജീവനക്കാരില്‍ പലരും മറ്റ് തൊഴിലുകള്‍ തേടി തുടങ്ങിയെന്നും ഉടമകള്‍ പറയുന്നു. തൃശൂര്‍ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വയനാട് ജില്ലയില്‍ സ്വകാര്യബസ് ഉടമകള്‍ ജൂണ്‍ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം. സൗജന്യയാത്രാ പദ്ധതി നിലവില്‍ വന്നതോടെ ദിനംപ്രതി 3000 രൂപയോളം നഷ്ടം വരുന്നുണ്ട്. പല ബസ് ഉടമകളും സര്‍വീസ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്, ആയിരക്കണത്തിന് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button