News

നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോ‌ടതിയിൽ, പുതിയതായി 13 സാക്ഷികൾ, സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും ഹാജരാക്കി

കണ്ണൂർ: 13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

ഇതിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങൾ അന്വേഷണം പരിശോധിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച്, പണം വായ്പ എടുത്തതിന്റെ രേഖകൾ റിപ്പോർട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും ഹാജരാക്കി.

ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ ഏക പ്രതിയായ പി.പി. ദിവ്യ ഉപയോഗിച്ചിരുന്ന ഒഫീഷ്യൽ നമ്പറിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ദീർഘനാളത്തെ കോൾ രേഖകൾ നൽകുന്നതിലെ സാങ്കേതിക പ്രശ്നം ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. മുഴുവൻ സിഡിആർ രേഖകൾ ലഭിക്കുമോ എന്ന് കോടതി ആരാഞ്ഞു. എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് പുതിയ സാക്ഷി പട്ടികയിൽ ചേർത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button