BlogKerala

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം : ‘സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ല’; ജോയിയെ പഴിചാരി കരാറുകാർ

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം പ്രഖ്യാപിച്ചു . മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുമെന്നാണ് ജനപ്രതിനിധികൾ ബന്ധുക്കളെ നേരത്തെ അറിയിച്ചത്. ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നൽകാൻ നഗരസഭ സന്നദ്ധമാണ്. സർക്കാർ അനുമതി ലഭിച്ചാൽ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. ജോയിയുടെ കുടുംബത്തിന് റെയിൽവേയിൽ നിന്ന് ധനസഹായം ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്താനും സർക്കാർ തീരുമാനിക്കും.അതേ സമയം മരണത്തിൽ വിശദീകരണവുമായി കരാറുകാർ.

അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ലെന്ന് സൂപ്പർവൈസർ കുമാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ ചുമതലയെന്ന് വാദിക്കുകയാണ് സർക്കാർ. മാലിന്യനീക്കത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button