
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്.
മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്.