KeralaNews

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

എന്നാൽ വേടന്റെ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button