
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഗീയവാദികൾക്കുള്ള മറുപടിയാണെന്ന് ശശി തരൂർ എംപി. തവനൂർ, കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ടാണ് തരൂർ ‘യഥാർത്ഥ കേരള സ്റ്റോറി’ വിശദീകരിച്ചത്. കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ മാതൃകയാണെന്നും ആളുകൾ ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യത്വത്തിന് വില നൽകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽ ഇവിടെ നിന്ന് കോൺഗ്രസിന്റെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വി.എസ്. ജോയ് വിജയിച്ചു. ഇടത് സ്വതന്ത്രനായ കെ.ടി. ജലീലിനെ 14,647 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ വിജയിച്ചു. മന്ത്രി പി. രാജീവിനെ 16,132 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽ മുസ്ലിം സ്ഥാനാർത്ഥിയായ മുഹമ്മദ് ഷിയാസ് വിജയിച്ചു. സിപിഎമ്മിലെ കെ.ജെ. മാക്‌സിയെ 8,188 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയ പ്രവണതകൾ കേരളത്തെ ബാധിച്ചിട്ടില്ലെന്നും മതാതീതമായ ചിന്താഗതിയാണ് മലയാളി വോട്ടർമാർ പ്രകടിപ്പിച്ചതെന്നും തരൂർ നിരീക്ഷിച്ചു.




