KeralaNews

‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്

കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു.

സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ഞാന്‍ വെറുമൊരു പണിക്കാരന്‍ മാത്രമാണ്. ഇനിയും സഹായങ്ങള്‍ ചെയ്തു തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാന്‍ പറ്റുന്ന രംഗമല്ല ഇതെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകു. അതിനാല്‍ എല്ലാവരും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കല്‍ കോളജ്. കുറച്ചുപേര്‍ ശത്രുപക്ഷത്ത് നിന്നാല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.

മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം അറിയാത്തവരൊന്നുമല്ല അവരെന്ന് ഡോ. ഹാരിസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നത്, ആരാണ് കയറുന്നത് എന്ന് ഒരു വാക്ക് തന്നോടു ചോദിക്കാമായിരുന്നു. പരിശോധന നടന്ന സമയത്തും ചോദിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മേലധികാരികളെല്ലാം വിളിച്ചിരുന്നു. വകുപ്പ് നല്ല നിലയില്‍ കൊണ്ടുപോകാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്‌ക്കൊരു വ്യക്തി മാത്രമാണ്. വലിയ ശക്തിയോട് ഒറ്റയ്ക്ക് നേരിടാന്‍ പറ്റില്ല. താന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാകാം അവരെയെല്ലാം വിഷമിപ്പിച്ചിരിക്കുകയെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button