എംഎൽഎമാർക്ക് വിജയ് പ്രഖ്യാപിച്ച സൗജന്യ കാർ; നിരസിച്ച് ഡിഎംകെ, ‘അനാവശ്യ ചെലവ് വേണ്ട’ന്നെ് ഉദയനിധി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ. സർക്കാർ വാഗ്ദാനം ചെയ്ത കാർ പാർട്ടിയിലെ 59 എംഎൽഎമാരും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നത്.
അങ്ങനെയുള്ള സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ വേണ്ടെന്നും അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി പറഞ്ഞു.പിന്നാലെ എല്ലാവരെയും ഒരുപോലെ കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അർജുന രംഗത്തെത്തിയിരുന്നു. വിസികെ , കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറിയ പാർട്ടികളിലെ എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ഒരു ആഡംബരമല്ല മറിച്ച് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെയും ആധവ് അർജുന രൂക്ഷമായി വിമർശിച്ചു. മൂന്ന് ബംഗ്ലാവുകൾ ഉള്ളപ്പോൾ ഉദയനിധി എന്തിനാണ് സർക്കാർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചത്. എംഎൽഎമാരുടെ കാറുകളുടെ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചെലവുകൾക്കായി വിജയ് സർക്കാർ പ്രതിമാസം 75,000 രൂപയും പ്രഖ്യാപിച്ചിരുന്നു.



