
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കര്‍ സമയം അനുവദിച്ചിട്ടുള്ളത്.
കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കുകയായിരുന്നു.
സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയം എന്ന നിലയില്‍ നമുക്കും സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചട്ടം 50 പ്രകാരമുള്ള ചര്‍ച്ച നടക്കുന്ന കാര്യത്തില്‍ 15-ാം കേരള നിയമസഭ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു. ഇന്നത്തേത് ഉള്‍പ്പെടെ 14-ാമത്തെ ചര്‍ച്ചയാണ് ഈ ചട്ടപ്രകാരം നടക്കുന്നത്. ഒന്നാം കേരള നിയമസഭ മുതല്‍ 14-ാം കേരള നിയമസഭ വരെ ആകെ 30 ചര്‍ച്ചകള്‍ മാത്രമാണ് ഈ ചട്ടപ്രകാരം കേരള നിയമസഭയില്‍ നടന്നിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരപൂര്‍വ നേട്ടമായി അഭിമാനിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.



