നീറ്റ് പുനഃപരീക്ഷ: ദില്ലിയിൽ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം; സിബിഎസ്ഇ മൂല്യനിർണ്ണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമ്മേന്ദ്ര പ്രധാൻ

ദില്ലി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായകയോഗം. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്. അതേസമയം, സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെൽപ്പലൈൻ സംവിധാനം തുടങ്ങി. കൗൺസിലിങ്ങിന് നമ്പർ പുറത്തിറക്കി. പരാതി നൽകാൻ ഇമെയിൽ വിലാസവും പുറത്തിറക്കി.
അതേസമയം, സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില് പൊരുത്തക്കേടുകൾ ഉണ്ടായി.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചത്.




