KeralaNews

കസ്റ്റഡി മർദ്ദനം; സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് മുഖ്യമന്ത്രി

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മന്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ടി സിദ്ദീഖ് എന്നീ എംഎല്‍എമാരുടെ ചോദ്യത്തിന് രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും ഉന്നയിച്ചുള്ള അടിയന്തര പ്രമേയം നിയമസഭയില്‍ ആരംഭിച്ചു. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പിന്നാലെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ചര്‍ച്ചയ്ക്കുള്ള സമയം സ്പീക്കര്‍ അനുവദിച്ചു.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയതും സഭയില്‍ ശ്രദ്ധേയമായി. ശിശു ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്‌തത്‌. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎൽഎമാർ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button