കേരളത്തില്‍ സംഘടനാ തലത്തില്‍ വിപുലമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് പുനഃസംഘടനാ നീക്കം. ഇതുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോള്‍ സംഘടനാ തലം ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
പുതിയ സാചചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും. ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ ദീപ ദാസ് മുന്‍ഷി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുമായി കുടിക്കാഴ്ച നടത്തും. കെപിസിസി പുനഃസംഘടനയ്ക്കം അനുസൃതമായി ജില്ലാ തലങ്ങളിലും മാറ്റം വേണമെന്നാണ് നേതാക്കളുടെ നിലപാട്. ഇതനുസരിച്ച് ഡിസിസികളിലും മാറ്റം ഉണ്ടായേക്കും. ചുമതലകള്‍ നല്‍കേണ്ട നേതാക്കളുടെ പട്ടികയും കെപിസിസി നേതൃത്വം തയ്യാറാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തി ഉണ്ടാക്കാത്ത നിലയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നിലവിലുള്ള ഭാരവാഹികളെ നീക്കം ചെയ്യേണ്ടതില്ലെന്നാണ് കെപിസിസിയുടെ നിലപാട്. കൂടുതല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചുമതലകള്‍ പങ്കിട്ട് നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.”നിലവിലുള്ള സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ നേതൃത്വത്തിന് താത്പര്യമില്ല. പകരം മറ്റ് നേതാക്കളുടെ ആശങ്കകളും അതൃപ്തിയും പരിഹരിക്കാനാണ് ശ്രമിക്കുന്നത്,’ എന്ന് പുനഃസംഘടനയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഡിസിസികള്‍ നിഷ്‌ക്രിയമാണെന്ന പരാതി വ്യാപകമായതിനാല്‍ ഈ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാകുമെന്നും സൂചനയുണ്ട്. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ആയിരിക്കും ഇത്തരം അഴിച്ചുപണി.
പുനഃസംഘടനയില്‍ സമുദായ, ജാതി സമവാക്യങ്ങള്‍ പരമാവധി ഉറപ്പിക്കുക എന്നതാണ് കെപിസിസിക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ കത്തോലിക്കാ സഭയുടെ പ്രാതിനിധ്യം വേണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റാക്കിയത്. എന്നാല്‍, പ്രധാന ചുമതലകളില്‍ കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് സഭയുടെ ആഗ്രഹം. സണ്ണി ജോസഫ് കണ്ണൂരില്‍ നിന്നുള്ളയാളായതിനാല്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള പ്രാതിനിധ്യം നേതൃത്വത്തില്‍ ഉറപ്പാക്കാന്‍ സിറോ-മലബാര്‍ സഭാ നേതൃത്വവും ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതില്‍ ഈഴവ സമുദായത്തിനുള്ള അതൃപ്തി പരിഹരിക്കുക എന്നാണ് മറ്റൊരു പ്രതിസന്ധി. ഇതും കാര്യക്ഷമമായി പരിഹരിക്കപ്പെടണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. വി എം സുധീരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ശുപാര്‍ശകള്‍ക്കും പുനസംഘടനയില്‍ നിര്‍ണായക പങ്കുണ്ടാകും എന്നാണ് വിലയിരുത്തല്‍.
നിലവില്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പട്ടികയില്‍ ഹൈക്കമാന്‍ഡ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്ഥാന തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് നേതാക്കളുടെ നീക്കം. സണ്ണി ജോസഫ്, വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെട്ട പുതിയ സംസ്ഥാന നേതൃത്വം വിശദമായ ചര്‍ച്ചകള്‍ നടത്തും. ജൂലൈ 17 ന് മുന്‍പ് ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.