
പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. ‘ഒരു ചോദ്യം’ എന്നായിരുന്നു ഇയാൾ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാൾക്ക് മറുപടിയായി ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് പറയുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11 മണിക്ക് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അടിമാലിയിലും, ഉടുമ്പൻചോലയുടെ കൺവെൻഷൻ വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്തും പീരുമേട് മണ്ഡലത്തിന്റെ കൺവൻഷൻ ആറ് മണിക്ക് വണ്ടിപ്പെരിയാറിലും നടക്കും.




